എരുമേലി : അധ്യയനം നിർത്തിയ എരുമേലിയിലെ 37 അങ്കണവാടികളിൽ ഇനി സംയുക്ത പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം അധ്യയനം ആരംഭിച്ചാൽ മതിയെന്ന് പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം. വൈക്കത്തെ അങ്കണവാടിയിൽ അപകടം സംഭവിച്ചതിനെ തുടർന്ന് അങ്കണവാടികളിൽ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കാർ തീരുമാനം വന്നതോടെയാണ് എരുമേലിയിലെ 47 അങ്കണവാടികളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 37 ഇടങ്ങളിൽ അധ്യയനം നിർത്തി വെച്ചത്.
കഴിഞ്ഞ ദിവസമാണ് അധ്യയനം നിർത്തി വെച്ചത്. തുടർന്ന് ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്‌തെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, അസി. എഞ്ചിനീയർ, ഐസിഡിഎസ് ഓഫിസർ, വാർഡ് അംഗം ഉൾപ്പടെയുള്ള സംഘം ആണ് സംയുക്ത പരിശോധന നടത്തുക. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ നടത്തിയാൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന അങ്കണവാടികളിൽ ഉടനെ അതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അതേസമയം അതിന് കഴിയാത്ത അങ്കണവാടികളിൽ ബദൽ മാർഗം ആലോചിക്കേണ്ടിവരും. കുറഞ്ഞ സമയത്തിനുള്ളിൽ പരിഹാരം സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം എല്ലാ അങ്കണവാടികളിലും പഞ്ചായത്ത് അസി എഞ്ചിനീയർ സുരക്ഷാ പരിശോധന നടത്തിയില്ലെന്ന് കമ്മറ്റിയിൽ ആരോപണം ഉയർന്നിരുന്നു. പലയിടത്തും അങ്കണവാടികൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഏതാനും അങ്കണവാടികൾക്കാണ് സ്വന്തം സ്ഥലവും കെട്ടിടവും ഉള്ളത്. വാടക കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പലയിടത്തും കെട്ടിടങ്ങളുടെ ഉടമസ്ഥർ തയ്യായാറല്ല. അങ്കണവാടികൾ പ്രവർത്തനം നിർത്തി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന ഉടമസ്ഥരുണ്ട്. വാടക കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ പഞ്ചായത്ത് ഫണ്ടിൽ നടത്താൻ അനുമതിയുമില്ല. പണികൾ സ്വന്തം ചെലവിൽ നടത്താൻ ഉടമകൾ തയ്യാറുമല്ല. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പല ഉടമസ്ഥരും അങ്കണവാടികളുടെ പ്രവർത്തനത്തിന് കെട്ടിടം വിട്ടുനൽകിയത്.
ഈ സാഹചര്യത്തിൽ വാടക കെട്ടിടങ്ങളിലെ അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കൽ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ദിവസം അസി എഞ്ചിനീയർ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തിലെ മൊത്തം 47 അങ്കണവാടികളിൽ പത്തെണ്ണം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയത്. മുമ്പ് കെട്ടിടത്തിലെ സുരക്ഷ മാത്രമാണ് ഫിറ്റ്നസ് പരിശോധനയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ വൈക്കത്തെ അപകടത്തെ തുടർന്ന് കെട്ടിടവും ഒപ്പം ചുറ്റുവട്ടങ്ങളിലെ സുരക്ഷയും മുൻനിർത്തിയാണ് ഇപ്പോൾ ഫിറ്റ്നസ് പരിശോധനയിൽ അവലംബമാക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ പേരിന് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമായിരുന്നു. എല്ലാ വർഷവും മെയ് മാസം ഇതേ നിലയിൽ കാര്യമായ പരിശോധന ഇല്ലാതെയാണ് ഫിറ്റ്നസ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വൈക്കത്ത് അങ്കണവാടി തകർന്ന് മൂന്ന് വയസുകാരന് ഗുരുതര പരിക്ക് ഏറ്റതോടെ സുരക്ഷാ പരിശോധന കർക്കശമാക്കിയിരിക്കുകയാണ്.






