വ്യാഴാഴ്ച 11 മണിയോടെയാണ് എലിസബത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തിയിൽ യുവതി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി പിതാവ്. കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്ത്(31) ആണ് ഞീഴൂരിലെ ബന്ധുവീട്ടിൽ കുളിമുറിയിൽ തൂങ്ങി മരിച്ചത്.
ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് പിതാവ് കൊച്ചമ്പറമ്പിൽ തോമസ് കടുത്തുരുത്തി പോലീസിൽ പരാതി നൽകി. ഇവർക്ക് 2 വയസുള്ള മകളുണ്ട്. 2019 ലാണ് ഇരുവരുടെയും വിവാഹം നടന്നത്.3 ലക്ഷം രൂപയും 60 പവൻ ആഭരണങ്ങളും വിവാഹത്തിനു നൽകിയതയും പിതാവ് പറഞ്ഞു.
ഉഴവൂർ കോളേജിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എലിസബത്ത്. എന്നാൽ എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്നും കൊണ്ടുവരണമെന്നും ഭർത്താവ് കെവിനും ഭർതൃമാതാവും ആവശ്യപ്പെട്ടതായും ഇക്കാരണത്താൽ മകൾ മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നും പിതാവ് പറഞ്ഞു.
മകൾ കെവിന്റേത് അല്ലെന്നും ആരോപിച്ച് ഭർത്താവും വീട്ടുകാരും പറഞ്ഞതയും പിതാവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് എടുത്തതായി കടുത്തുരുത്തി പോലീസ് പറഞ്ഞു. എലിസബത്തിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് കുറുപ്പന്തറ സെന്റ്. തോമസ് പള്ളിയിൽ നടക്കും.





