കോട്ടയം: ജില്ലയിലെ ഏറ്റവും കൂടുതൽ കിടക്കകളുള്ള മണർകാട് പള്ളി പാരീഷ് ഹാളിൽ സജ്ജമാക്കിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് മണർകാട് ഗ്രാമപഞ്ചായത്താണ്.
നിലവിൽ 300 ലധികം രോഗബാധിതർക്ക് ചികിത്സ നൽകാൻ കഴിയുന്ന സജ്ജീകരണം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ എണ്ണം രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ കിടക്കകളും മറ്റു ആവശ്യ വസ്തുക്കളും കഴിഞ്ഞ ദിവസം ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ ആരംഭിച്ചതും മണർകാട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ്.
വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുന്നതിന് 300 ബെഡ്ഡുകളും അനുബന്ധ സൗകര്യങ്ങളും ഉള്ള സിഎഫ്എൽറ്റിസി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണർകാട് പള്ളി പാരീഷ് ഹാളിൽ രണ്ട് നിലകളിലായി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു.
ഇന്നലെ വൈകിട്ട് 3 മണിക്ക് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് ശരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഡോ. റെക്സിന് സിഎഫ്എൽടിസിയുടെ ചാർജ് നൽകി. രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഏറ്റവും വലിയ സിഎഫ്എൽറ്റിസി യ്ക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വീടുകളിൽ നിന്നും സിഎഫ്എൽറ്റിസി യിൽ പ്രവേശിപ്പിക്കാനും ഗുരുതര പ്രശ്നമുള്ള രോഗികളെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുവാനുമുള്ള ആംബുലൻസ് സൗകര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ 80 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.എൻ ഗിരീഷ്കുമാർ, മഞ്ജു സുജിത്ത്, മെമ്പർമാരായ കെ.വി ബിന്ദു, റെജി എം ഫിലിപ്പോസ്, പി. എം മാത്യു, ജോസ് പുത്തൻകാല, രാജേഷ് വാളിപ്ലാക്കൽ, പി. കെ വൈശാഖ്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, യുവജന ക്ഷേമബോർഡ് മെമ്പർ ജെയ്ക് സി തോമസ്, സഹവികാരി ആൻഡ്രൂസ് ചിരവന്തറ, ട്രസ്റ്റി മെൽവിൻ റ്റി കുരുവിള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, ഫിനാൻസ് ഓഫീസർ മേരി ജോവി, ജൂണിയർ സൂപ്രണ്ട് സെബാസ്റ്റ്യൻ പി വർക്കി തുടങ്ങിയവർ പങ്കെടുത്തു.








