ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമാകുമെന്നാണ് പുതിയ വിലയിരുത്തല്‍. നേരത്തെ 6.5 ശതമാനമാണ് പ്രവചിച്ചിരുന്നത്. ട്രംപിന്റെ നികുതി ഉയര്‍ത്തിയ വ്യാപാര മാന്ദ്യം ഉള്‍പ്പടെയുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിലയിരുത്തല്‍. ഇന്ത്യയില്‍ വിലപ്പെരുപ്പം ഈ വര്‍ഷം 4.2 ശതമാനവും അടുത്ത വര്‍ഷം 4.1 ശതമാനവും ആകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍.
നേരത്തെ 6.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്ക് അമേരിക്ക ചുമത്തിയ 26 ശതമാനം തത്തുല്യ നികുതി സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫിന്റെ ലോക സാമ്പത്തിക വീക്ഷണത്തില്‍ പറയുന്നു. അതേസമയം, ആഗോള വ്യാപാര യുദ്ധത്തിന്റെ പരിക്ക് ഇന്ത്യക്ക് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2.8 ശതമാനം ആകുമെന്നാണ് ഐഎംഎഫിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 3.3 ശതമാനമാണ് കണക്കാക്കിയിരുന്നത്.