മറിയാമ്മ ചേട്ടത്തിയുടെയും പി എസ് ബാനർജിയുടെയും പേരിൽ സംസ്ഥാന സർക്കാർ ഫോക്ക് ലോർ ഗവഷണ കേന്ദ്രങ്ങൾ ആരംഭിക്കണം
ഉണ്ണികൃഷ്ണൻ തകഴി
ഫോക്ക്ലോർ അവാർഡ് ജേതാവും നാടൻ കലകളുടെയും പാട്ടുകളുടെയും അന്വേഷകനുമായ നാണു പാട്ടുപുര സമാഹരിച്ച ഫോക്ക്ലോർ ഡേറ്റയാണ് കടത്തനാട്ടെ പുലയരുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായ കൂളികെട്ട് അനുഷ്ടാനത്തിന് പാടുന്ന ബാധപ്പട്ടായ അയ്യാലയ്യ .... എന്ന പാട്ട് .
ഇതുപോലെ തദ്ദേശീയ ജനതകളുടെ വാമോഴി ചരിത്ര അന്വഷണങ്ങൾക്ക് നാണു പാട്ടുപുരയെ പോലുള്ള അന്വേഷകർക്ക് സർക്കാർ ഗ്രാന്റുകൾ നൽകി പിന്തുണച്ചാൽ ഫോക്ക്ലോർ അന്വേഷകർ ആയി ധാരാളം പ്രതിഭകൾക്ക് കടന്നുവരാൻ അവസരം ഒരുക്കാനാകും.
ഒപ്പം തദ്ദേശീയ ജനതയുടെ വാമോഴി ചരിത്രങ്ങൾ നഷ്ടപെട്ടു പോകാതെ സമാഹരിക്കുവാനും നിലനിർത്താനും സാധ്യമാകും.നാടൻ പാട്ടിന്റെ അതുല്യ പ്രതിഭ മറിയാമ്മ ചേട്ടത്തിയുടെയും നാടൻ പാട്ടുകളെ യുവ സമൂഹങ്ങളിൽ കനലാക്കി മാറ്റിയ പി എസ് ബാനർജിയുടെയും പേരിൽ കേരളത്തിൽ രണ്ട് ഗവേഷണ കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുവാൻ തയ്യാറാകണം. അതിനായ് ഫോക്ക് ലോർ കലാകാരന്മാരും അക്കാദമികവും നോൺ അക്കാദമികവുമായ ഗവേഷകരും സമുദായ നേതൃത്വങ്ങളും ഇടപെടണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കൂളികെട്ട് പാട്ട്
--------------------------
ആപൊലികാ നെറപൊലികാ...ദൈവേ (ഓയേ)
തെയ്യോൻ നേറപൊലികാ... ദൈവേ
അയ്യാലോടയാനോ.... ദൈവേ
ആകായോം പൂമികളോ.. ദൈവേ
പൂമീടെ മുത്തപ്പാ... ദൈവേ
എന്തോരു കൊതങ്ങളാ... ദൈവേ
തെയ്യോൻ നേറപൊലികാ.. ദൈവേ പൊലിയോ പോലീപൊലിയോ.. ദൈവേ
അയ്യാലയ്യ പടച്ചോനേ ഓരയ്യം നെല വിളി കേൾക്ക്ന്ന് (2)
കുഞ്ഞൻ പാതേയിളം പാതേ ഞാനിതാ വ്ളിക്ക്ന്ന് (2)
ആവോദാമാനോ.... ഈശ്വരൻ പൊൻമകനേ
ആവോദാമാനോ... താളിമലയ്ക്ക് പോണേ
ആവോദാമാനോ... താളി ഒടിയ്ക്ക്ന്നല്ലോ
ആവോദാമാനോ.... വണ്ണാറകൂട് കണ്ടേ
ദേശം നല്ലൊരുചെമ്മാരീ മര്ത്തൻമാരിങ്ങെത്യല്ലോ (2)
ത്ണ്ടത്തല്ലാ നിക്ക്ന്ന് നാട്ടാരും കരക്കാരും (2)
ആവോദാമാനോ... വയ്യോട്ട് ചാടുന്നല്ലോ
ആവോദാമാനോ... താളിവലം കയ്യില്
ആവോദാമാനോ.. താളി മടം കയ്യില്
ആവോദാമാനോ... ആശാരി വീട്ടിലെത്തി
കുന്നോട്മ്മല മുത്തപ്പാ പറയാതിങ്ങനെ ചെയ്തല്ലോ(2)
ഏഴാംപലി ചാളേന്നല്ലേ കൊട്ടും പാട്ടും കേൾക്ക്ന്നേ (2)
ആവോദാമാനോ... ആലോത്ത്ങ്ങൊരാളെടുത്തെ
ആവോദാമാനോ.... വീട്ടിയൊലക്കയായി
ആവോദാമാനോ.. താളിയിടിക്കുന്നല്ലോ
ആവോദാമാനോ... ഈശ്വരൻ പൊൻമകനേ
പാതേ പാതേയിളം പാതേ കുഞ്ഞൻ പാതെയിളം പാതേ
പാതേ കെട്ട് കയിച്ചാട്ടെ കെട്ടും മുട്ടും തീരട്ടെ.
കുന്നോട്മ്മല മുത്തപ്പാ ഞാനീതാ വിളിക്ക്ന്നേ
കുത്തൻപാതെയിളം പാതേ ഞാനീതാ വിളിക്ക്ന്നേ
ആവോദാമാനോ... താളിക്കുറുമ്പരിച്ച്
ആദാമാനോ... താളിയും കയ്യിലേന്തീ
ആവോദാമാനോ... താളിയും തേക്ക്ന്നല്ലോ
ആവോദാമാനോ.. ഈശ്വരൻ പൊൻ മകനേ
ചക്കരപ്പായേ..ലതാ ഓരയ്യം നെല വിളി കൂട്ട്ന്ന്
അയ്യോ നമ്മട പാതമ്മാ ആദിക്കെന്തൊരു നൂലാണ്ട്.
കൂടി കുടുംബക്കാരാതാ ഓരയ്യം നെലവ്ളി കൂട്ട്ന്ന്
കെട്ടു സംബന്ധക്കാരാതാ ഓരയ്യം നെലവ്ളി കൂട്ട്ന്ന്
ആവോദാമാനോ... ഒന്നായനീളെടുത്തേ
ആവോദാമാനോ.. പല്ലിടെ കുത്ത്ന്നല്ലോ
ആവോദാമാനോ.. രണ്ടായനീളെടുത്തേ
ആവോദാമാനോ.. കയ്യിലെ ചേറെടുത്തേ
ഏഴാംപലി ചാളേന്നല്ലേ മരണത്തിലങ്ങായേ
നീലാഞ്ചേരി കുന്നീലതാഓനേയങ്ങടക്കുന്നേ.
കൊട്ടും തുടിയും വരുത്ത്ന്നേ തെക്ക് പടിഞ്ഞാറങ്ങായേ
തെക്ക് പടിഞ്ഞാറങ്ങായേ പൂമീലാശാരം ചെയ്തേ
ആവോ...... മൂന്നായ നീളെടുത്തേ
ആവോ..... ഈണോത്തിൽ ചേറെടുത്തേ
ആവോ..... നാലായനീളെടുത്തേ
ആവോ.... നാക്ക് വടിക്ക്ന്നല്ലോ
അടിലങ്ങ്കുയികുത്യേ തണ്ടും പറേം കെട്ട്ന്നേ
പറേം തുടീം തച്ചിറ്റ് ഓനെയങ്ങടക്കുന്നേ( )
ആവോ...............
അഞ്ചായനീളെടുത്തേ
ചേട്ടിലെ ചെപ്യെടുത്തേ
നാലാംകോടി പുതച്ചേ
വെള്ളത്തി കീയുന്നല്ലോ
തോറത്തും കയ്യിലേന്തി
താളി കുളികയിച്ചേ.





