സനൽകുമാർ പത്മനാഭൻ
മൂന്നാറിലും വയനാട്ടിലും ഷൂട്ട് ചെയ്താൽ പടം പരാജയപ്പെടും ! എന്ന് വിശ്വസിക്കുന്നവർ ഏറെയുള്ള ആദ്യ ഷോട്ട് ഒറ്റ ടേക്കിൽ ഓക്കേ ആയില്ലെങ്കിൽ , സിനിമ നന്നാവില്ല ! എന്ന് കരുതി ആദ്യ ഷോട്ടിൽ എപ്പോഴും റീടേക്ക് വേണ്ടി വരാത്ത സൂര്യനെയും , ദൈവങ്ങളുടെ ചിത്രങ്ങളെയും ഷൂട്ട് ചെയ്യുന്നവർ ഏറെയുള്ള കഥാപാത്രത്തിന്റെ മരണത്തിന്റെ ഷോട്ട് എടുത്തു കഴിഞ്ഞാൽ തൊട്ടടുത്തു തന്നെ ആ കഥാപാത്രം അവതരിപ്പിച്ച നടന്റെ ചിരിച്ചു കൊണ്ടുള്ള ഒരു ഷോട്ട് കൂടി എടുക്കണം എന്ന് നിർബന്ധമുള്ള ..!
പൂജക്ക് തേങ്ങാ ഉടക്കുമ്പോൾ കയ്യൊന്നു പിഴച്ചാൽ , സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കുമ്പോൾ കറന്റ് ഒന്ന് പോയാൽ ദുശ്ശകുനം ആയി കാണുന്നവർ ഒരുപാടുള്ള ..!
തുടങ്ങി ഇങ്ങനെ അന്ധവിശ്വാസങ്ങൾ കൊടികുത്തി വാഴുന്ന ഒരു ഇന്ഡസ്ട്രിയിലേക്കാണ് ..
വൈരമുത്തുവിനോടൊപ്പം ആദ്യമായി സംഗീതം നൽകിയ ആൽബം ഉപേക്ഷിക്കപ്പെട്ട , ആദ്യമായി ചിത്രയോടൊപ്പം പിന്നണി പാടിയ ഗാനം ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ( ചിത്രം - ഒന്നിങ്ങു വന്നെങ്കിൽ ), നവോദയ ജിജോക്ക് വേണ്ടി സംഗീതം നൽകിയ ചിത്രം ഗാന്ധര്വം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ "രാശിയില്ലാത്തവൻ" എന്നൊരു ടാഗ്‌ലൈനും കഴുത്തിൽ തൂക്കി ഒരു പത്തൊന്പതുകാരൻ ക്ഷണക്കത്ത് എന്നൊരു ചിത്രത്തിന് സംഗീതം നൽകികൊണ്ട് കടന്നു വരുന്നത് .....
"ആ രാഗം മധുരമായമം രാഗം .."
"ആകാശദീപമെന്നും .."
"മംഗളങ്ങളരുളും.."
"സല്ലാപം കവിതയായി ..."
തുടങ്ങി തന്റെ വെളിച്ചം കണ്ട ആദ്യചിത്രത്തിൽ ഒന്നിനൊന്നു മികച്ച നാല് ഗാനങ്ങൾ അയാളിൽ നിന്നും പിറന്നു വീണെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ അയാളുടെ തലയ്ക്കു മുകളിൽ ചാര്ത്തപ്പെട്ടിരുന്ന "രാശിയില്ലാത്തവൻ" എന്ന പട്ടം ഒന്ന് കൂടി ആഴത്തിൽ സ്റ്റാമ്പ് ചെയ്യപ്പെടുക ആയിരുന്നു ...
ഒരു വര്ഷത്തിനപ്പുറെ ഇറങ്ങിയ രണ്ടാമത്തെ ചിത്രത്തിലും "മായാമഞ്ചലിൽ ഇത് വഴിയേ" ( ഒറ്റയാൾപട്ടാളം ) എന്ന അതിമനോഹരം ആയ ഗാനവും അയാൾ സൃഷ്ടിച്ചെങ്കിലും ആ ചിത്രവും പണം വാരി ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാതിരുന്നതോടെ അയാളെ വെച്ച് സിനിമ എടുക്കുന്നത് ഹെവി റിസ്ക് ആണെന്നുള്ള വിശ്വാസം ഇൻഡസ്ട്രിയിൽ കാട്ടു തീ പോലെ പരന്നു കഴിഞ്ഞിരുന്നു ..
ഇറങ്ങിയത് രണ്ടേ രണ്ടു ചിത്രങ്ങൾ ..!
അതിൽ രണ്ടിലും ശ്രദ്ധേയമായ ഗാനങ്ങൾ ഉണ്ടായിരുന്നവ !
എന്നിട്ടും അടുത്ത ഒരു അവസരത്തിനായി അയാൾക്ക് കാത്തിരിക്കേണ്ടി വന്നത് മൂന്നു വർഷങ്ങൾ ആണെന്നറിയുമ്പോൾ ആണ് അയാളെന്നെ കലാകാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ ആഴം മനസ്സിലാവൂ ....!!
മൂന്നു വർഷത്തെ അജ്ഞാതവാസത്തിനു ശേഷമുള്ള തിരിച്ചു വരവ് അയാൾ മലയാളം അന്നോളം കണ്ട ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായ "ശ്രീരാഗമോ യും" വാലിന്മേൽ പൂവും , താളമയഞ്ഞുവും കടഞ്ഞെടുത്ത് കൊണ്ട് പവിത്രം എന്ന ചിത്രത്തെ അലങ്കരിച്ചു വെങ്കിലും , ആ ചിത്രവും തീയറ്ററിൽ വിജയം ആകാതിരുന്നതോടെ...
ഫുട്‌ബോളിൽ എല്ലാ കളിയിലും തന്റെ കഴിവിന്റെ പരമാവധി കളിച്ചു മിഡിൽ കളി നിയന്ത്രിച്ചു ഗോൾ അവസരങ്ങൾ ഒരുക്കിയും കളി മെടഞ്ഞെടുത്തും വിയർപ്പൊഴുക്കിയിട്ടും ടീം ജയിക്കാത്തതു തന്റെ ഭാഗ്യമില്ലായ്മ കൊണ്ടാണെന്നു പറഞ്ഞു പ്ലെയിങ് ഇലവനിൽ നിന്നും റിസേർവ് ബെഞ്ചിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുമ്പോൾ " പതിനൊന്നു പേരുടെ കളിയിൽ എനിക്കൊറ്റക്ക് എന്ത് ചെയ്യാൻ കഴിയും , ചെയ്യാൻ കഴിയാവുന്നതെല്ലാം ഞാൻ ചെയ്തല്ലോ" എന്നൊരു ആത്മഗതമോടെ തിരഞ്ഞു നടക്കുന്ന കളിക്കാരനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നുറപ്പില്ലാതെ പതിയെ തല താഴ്ത്തി സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കു നടക്കുന്ന അയാൾ ..!
മൂന്നാം വയസ്സ് മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ...
ആറാം വയസിൽ ആദ്യമായി സംഗീതം ചിട്ടപ്പെടുത്തിയ ..
പതിനാലാം വയസിൽ ശ്രീ ബലമുരളികൃഷ്ണ യുടെ കീഴിൽ സംഗീതം സ്ഫുടം ചെയ്തെടുത്ത..
പ്രതിഭയുടെ അതിപ്രസരം ഉണ്ടായിരുന്ന മനുഷ്യൻ ഒരു ഇൻസ്ട്രിയുടെ അന്ധവിശ്വാസങ്ങളുടെ മുന്നിൽ തോറ്റു പോകുന്ന ഹൃദയഭേദകമായ കാഴ്ച !!
പിന്നീട് വല്ലപ്പോഴുമൊരിക്കൽ അവസരങ്ങൾ വീണു കിട്ടുമ്പോൾ , വര്ഷങ്ങള്ക്കു ശേഷം കിട്ടിയ അവസരം ആണിതെന്നോ, ആരെയും അലോസരപ്പെടുത്താതെ മുന്നോട്ടു പോയാൽ വേറെയും അവസരങ്ങൾ കിട്ടിയേക്കുമെന്നോ ഓർക്കാതെ തന്റെ ഉള്ളിലെ സംഗീതമോഹിക്കു ദാഹം തീരുന്നതു വരെ , പാട്ടുകാരെ കൊണ്ട് ദാസേട്ടനെന്നോ , പുതുമുഖമെന്നോ വേർതിരിവില്ലാതെ താൻ ഉദ്ദേശിച്ച ഔട്ട്പുട്ട് , ദേഷ്യം പിടിച്ചും , കലഹിച്ചും , ബലം പിടിച്ചും അവരിൽ നിന്നും അടർത്തിയെടുത്തു കൊണ്ടിരുന്ന മനുഷ്യൻ .....!
സാധാരണക്കാര്ക്ക് ബാത്റൂമിൽ പാടാൻ പറ്റിയ പാട്ടു വേണം എന്നാവശ്യപെട്ട സംവിധായകന് " പാലപ്പൂവിതളിലും , "മായാമഞ്ചലിലും " നൽകിയ അതെ അനായാസതയോടെ , നമ്മുടെ പടത്തിനു "അങ്ങനെ ആർക്കും കേറി പാടാൻ പറ്റാത്ത പാട്ടു ഒരെണ്ണം വേണം" എന്ന് ആവശ്യപ്പെട്ട സംവിധായൻ ബിജു വർക്കിക്ക് " സുധാമന്ത്രവും " ( ദേവദാസി നൽകിയ കലാകാരൻ !!
താൻ ചിട്ടപ്പെടുത്തി സുന്ദരമായി ട്രാക്ക് പാടി കൊടുത്തിട്ടും , ആ പാട്ടു അതെ ശ്രുതിയിൽ പാടാനാകാതെ "ഇത് കുറച്ചു ടഫ് ആണല്ലോ സാർ" എന്ന് പറഞ്ഞ ഗായകരോട് , ഇത് എനിക്ക് പാടാൻ പറ്റുമെങ്കിൽ എന്ത് കൊണ്ട് നിങ്ങൾക്ക് പാടാൻ പറ്റുന്നില്ല എന്ന് അവരോടു തന്റെ ഉള്ളിലുള്ള ഗായകന്റെ പ്രതിഭയുടെ ആഴവും പരപ്പും തിരിച്ചറിയാനാകാതെ നിഷ്കളങ്കമായി ചോദിച്ചിരുന്ന ഒരാൾ !
ഒരു മ്യൂസിക് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ചുരുങ്ങിയ കാലം കൊണ്ട് , പാട്ടുകൾ വെറുതെ ആസ്വദിച്ചിരുന്ന പ്രേക്ഷകരെ ചെറു ബീറ്റുകളുടെയും , ശ്രുതികൾക്കിടയിലെ കയറ്റമിറക്കങ്ങളിലെയും വരികൾക്കിടയിലെ സംഗതി കളിലൂടെയും ഇടവഴികളിലൂടെ പാട്ടിന്റെ ഉള്ളറകളിലേക്ക് വിളിച്ചു കൊണ്ട് പോയി ഒരു പാട്ടിനെ എങ്ങനെയാണു ആസ്വദിക്കേണ്ടത് എന്ന് പഠിപ്പിച്ചു തന്ന സംഗീത അദ്ധ്യാപകൻ !!
പിന്നണിയിലെ ഒരുപാട് കളികളും നൂലാമാലകളും കടന്നു ഒരു സംഗീത സംവിധായകന് ഒരു സിനിമ ലഭിക്കുന്നത് മുതൽ , ഒരു പാട്ടു സംവിധായകൻ ഒക്കെ പറയുന്നത് വരെ ഒരു പാട്ടിനു തന്നെ പത്തോ പതിനഞ്ചോ ടൂണും ഉണ്ടാക്കി , റീ റെക്കോർഡിങ് വരെ സംഗീത സംവിധായകൻ ആണ് കഷ്ടപെടുന്നതെന്നും , വീണയും , കീബോർഡും വാടകക്ക് എടുക്കുന്നത് പോലെ , ഒരു പാട്ടുകാരന്റെ വോയിസ് നമ്മൾ വാടകക്ക് എടുക്കുക ആണെന്നും അത് കൊണ്ട് തന്നെ മ്യൂസിക്കിന് റോയൽറ്റിക്ക് എന്തെങ്കിലും അവകാശം ഉണ്ടെങ്കിൽ അതിനു പ്രഥമസ്ഥാനം മ്യൂസിക് ഡിറക്ടർക്കു തന്നെയാണെന്നും പറഞ്ഞു റോയൽറ്റി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ ഒരാൾ !
"സാർ താങ്കൾ ചെയ്യുന്ന സംഗീതത്തിന്റെ അതെ ക്വാളിറ്റി ഉള്ളൊരു ഐറ്റം ഞാൻ ഇന്ന് കേട്ടു, ദൈവം സഹായിച്ചു എനിക്ക് ആ പാട്ടിന്റെ ഭാഗം ആകുവാൻ സാധിച്ചു ഞാൻ താങ്കൾക്കായി ആ ഗാനം കൊണ്ട് വന്നിട്ടുണ്ട് ഒന്ന് കേട്ടു നോക്കു " എന്നും പറഞ്ഞു ഡ്രമ്മർ ശിവമണി നൽകിയ കാസറ്റ് പ്ലെ ചെയ്ത ശേഷം ആ പാട്ടു കേട്ടിട്ട് " ഇതൊരു അസാധ്യ കമ്പോസിംഗ് ആണല്ലോ ശിവ ! ഇത് എന്നെ കേൾപ്പിച്ചതിനു നന്ദി എന്റെ ഫേവറിറ്റ് പാട്ടുകളുടെ ലിസ്റ്റിൽ ഇനി ഈ ഗാനവും കാണും " എന്ന് എ ആർ റഹ്മാനിൽ നിന്നും പ്രശംസക്ക് അർഹൻ ആയ മനുഷ്യൻ ( മാലേയം മാറോടു -- തച്ചോളി വർഗീസ് ചേകവർ )
മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ സംഗീത സംവിധായകൻ ആരാണെന്ന ചോദ്യത്തിന്.....
മഴ മഴ കുട കുട..
മഴ വന്നാൽ പോപ്പിക്കുട എന്ന താളവും , സിന്ദൂരരേഖയിലെ പ്രണതോസ്മിയും ഒരു പുളി മിട്ടായി നുണയുന്ന ലാഘവത്തോടെ സൃഷ്‌ടിച്ച ഇദ്ദേഹത്തിന് നേരെ ഒരല്പം പോലും ആശങ്കയോ , സംശയത്തിന്റെ ചെറു കണികയോ ഇല്ലാതെ കൈ ചൂണ്ടാം എന്നിരിക്കെ ....
മേഘതീർത്ഥത്തിലെ ഇങ്ങേരു പാടിയ ഭാവയാമി എന്ന ഗാനം കേൾക്കുമ്പോൾ അയാളെന്ന സംഗീത സംവിധായകൻ ആണോ ഗായകൻ ആണോ മോസ്റ്റ് അണ്ടർ റേറ്റഡ് എന്ന ചോദ്യത്തിന് മുന്നിൽ തികച്ചും പകച്ചു പോകുന്ന അവസ്ഥ !!
ഇന്നും ഓർമയുണ്ട് മനോരമയിലെ നേരെ ചൊവ്വയിലെ അയാളുമായുള്ള ഇന്റർവ്യൂ " രാശിയില്ലാത്തവൻ എന്നൊരു പേര് ഒരു പക്ഷെ താങ്കൾക്ക് ചാർത്തി കിട്ടിയില്ലായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാക്കുക " എന്ന അവതാരകന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിൽ ചിരിയോടെ " വേറെ കുറെ പടം കിട്ടിയേനെ , മ്യൂസിക് റിയാലിറ്റി ഷോയിൽ വന്നിരുന്നു, ഞാൻ മരിച്ചു പോയെന്നു കരുതി എനിക്ക് സ്മാരകം പണിയിക്കാൻ നടക്കുന്നവരുടെ മുൻപിൽ , എനിക്ക്, ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു, അല്ല ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കേണ്ടി വരത്തിലായിരുന്നു " എന്നായിരുന്നു അയാളുടെ മറുപടി !
അയാളുടെ അസാധ്യമായ നര്മബോധത്തിൽ വിരിയുന്ന സ്പോട് കൗണ്ടറുകൾ ഒരുപാടു എന്നിൽ ചിരിയുണർത്തിയിട്ടുണ്ടെങ്കിലും അയാളുടെ പ്രതിഭയും ദൗര്ഭാഗ്യവും നന്നായി അറിയാവുന്നതു കൊണ്ടാകാം ആ മറുപടി ഹൃദയത്തിൽ സൃഷ്ടിച്ചത് വലിയൊരു മുറിപ്പാടു ആയിരുന്നു ...!!
പ്രിയ ശരത് സാർ മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ ടൈറ്റിൽ കാർഡുകളിൽ ഒന്നിലും ചിലപ്പോൾ നിങ്ങളുടെ പേര് കാണില്ലായിരിക്കും ..
എന്നാൽ യൂടൂബിൽ ഏവർക്കും ഓട്ടോ സജഷൻ ആയി വരുന്ന ശ്രീരാഗമോ യുടെ വേരുകൾ തേടി പോയാൽ ചെന്നെത്തുക നിങ്ങളിൽ ആണല്ലോ .....
റിയാലിറ്റി ഷോയിൽ ആർക്കും എങ്ങേനെയും പാടാവുന്ന ഇന്നത്തെ പാട്ടുകൾക്കിടയിൽ ജഡ്ജസിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാനായി സംഗതികൾ ഏറെയുള്ള പാട്ടുകൾ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുമ്പോൾ അവയുടെയെല്ലാം സൃഷ്ടാവിന്റെ പേരിനു നേരെ നിങ്ങളുടെ പേര് ആണല്ലോ .....
പിന്നെ എങ്ങനെയാണു ശരത്തേട്ട ഞങ്ങളിൽ നിന്നും ഓർമകളുടെ അവസാനകോശത്തിൽ നിന്നും സംഗീതത്തിന്റെ അവസാന തുള്ളിയും ഊർന്നു പോകുന്ന വരെ നിങ്ങളെ മറക്കുക ......
ഒരുപാടു അവസരങ്ങൾ ഇനിയും തേടി വരട്ടെ എന്നും നിങ്ങൾ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കട്ടെ എന്നും ആശംസിക്കുന്നു ....
SanalKumarPadmanabhan





