JC Daniel Award: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരo, ജെ.സി ഡാനിയേല്‍ പുരസ്കാരo കെ.പി കുമാരന്

Hot Widget

Type Here to Get Search Results !

JC Daniel Award: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരo, ജെ.സി ഡാനിയേല്‍ പുരസ്കാരo കെ.പി കുമാരന്



മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.

2020ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ പി.ജയചന്ദ്രന്‍ ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടുനീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍ എന്ന് പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.  1972ല്‍ അന്താരാഷ്ട്ര പുരസ്കാരം നേടിയ ‘റോക്ക്’, 1975ലെ ‘അതിഥി’ എന്നീ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 2020ല്‍ 83ാം വയസ്സില്‍ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത, തികച്ചും ആത്മാര്‍ത്ഥവും അര്‍ത്ഥപൂര്‍ണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളില്‍ നിര്‍ണായക സ്ഥാനമുള്ള ‘അതിഥി’, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാര്‍ഡ് നേടിയ ‘രുഗ്മിണി’ തുടങ്ങിയ ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂര്‍വ ദൃശ്യശില്‍പ്പങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മലയാളം ന്യൂവേവ് സിനിമകള്‍ക്ക് തുടക്കം കുറിച്ച ‘സ്വയംവര’ത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ ‘റോക്ക്’എന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 1972ലെ ‘ഏഷ്യാ 72’ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. അതിഥി (1975), ലക്ഷ്മിവിജയം (1976), തേന്‍തുള്ളി(1978), ആദിപാപം(1979), കാട്ടിലെ പാട്ട് (1979), നേരം പുലരുമ്പോള്‍ (1986), രുഗ്മിണി (1988), തോറ്റം(2000), ആകാശഗോപുരം (2008), ഗ്രാമവൃക്ഷത്തിലെ കുയില്‍ (2020) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. ദൂരദര്‍ശനും പി.ടി.ഐ ടെലിവിഷനും വേണ്ടി നിരവധി ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എം.ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള ‘എ മൊമന്‍റസ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി’, സി.വി രാമന്‍പിള്ള, തകഴി, ബഷീര്‍, കേശവദേവ്, ചന്തുമേനോന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്റെറികള്‍ എന്നിവ ഇതില്‍പ്പെടുന്നു.

1937ല്‍ കണ്ണൂരിലെ കൂത്തുപറമ്പില്‍ ജനിച്ചു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ളര്‍ക്കായി ഒൗദ്യോഗിക ജീവിതം തുടങ്ങി. 1961ല്‍ എല്‍.ഐ.സിയില്‍ ജോലിക്ക് ചേര്‍ന്ന കാലം മുതല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായി. 1965 മുതല്‍ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ രൂപീകരണത്തിലും നടത്തിപ്പിലും മുഖ്യപങ്കു വഹിച്ചു.  ചലച്ചിത്ര രംഗത്ത് സജീവമാവുന്നതിനായി 1975ല്‍ ജോലി രാജിവെച്ചു. ടൂറിസം അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ശാന്തമ്മ പിള്ളയാണ് ഭാര്യ. ശംഭു, മനു, മനീഷ എന്നിവര്‍ മക്കള്‍.

പുരസ്കാര സമര്‍പ്പണം 2022 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 29ാമത്തെ വ്യക്തിയാണ് കെ.പി കുമാരന്‍. 1992ലാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.  ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്.

Kerala news11

Top Post Ad

 


Subscribe To WhatsApp