കോഴിക്കോട് ട്രെയിൻ അകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഫയര്‍ഫോഴ്‌സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും അരിച്ചുപെറുക്കിയിട്ടും പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കമ്പാര്‍ട്ടുമെന്റിലെ ഒരു ദ്വാരത്തില്‍ പാമ്പ് കയറിയെന്നാണ് നിഗമനം.
ദ്വാരം നന്നായി അടച്ച ശേഷം ഒടുവില്‍ പാമ്പുമായി ട്രെയിന്‍ യാത്ര തുടര്‍ന്നു.ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ 22633 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് തിരൂരില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. എസ് അഞ്ച് കമ്പാര്‍ട്ടുമെന്റിലെ 34, 35 ബര്‍ത്തുകള്‍ക്കിടയില്‍ യാത്രക്കാരന്‍ പാമ്പിനെ കണ്ടു.
പാമ്പിനെ കണ്ടതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് ട്രെയിനുള്ളിൽ ഉണ്ടായത്. കണ്ണൂര്‍ സ്വദേശി പി. നിസാറിന്റെ ഭാര്യ ഹൈറുന്നിസയും തൊട്ടടുത്ത ബെർത്തിലെ ഒരു പെണ്‍കുട്ടിയുമാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാർ ബഹളംവെച്ചു. യാത്രക്കാരിൽ ഒരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. എന്നാൽ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞു ചിലർ ബഹളം വെച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാർട്ട്മെന്‍റിലൂടെ മുന്നോട്ടുപോയി.
രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് രക്ഷപെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മുഴുവൻ യാത്രക്കാരുടെയും ബാഗുകള്‍ പരിശോധിച്ചെങ്കിലും അതിലും പാമ്പിനെ കണ്ടില്ല. തുടർന്ന് യാത്ര പുനഃരാരംഭിക്കുകയായിരുന്നു. യാത്രക്കാർ ഭീതിയോടെയാണ് ട്രെയിനിൽ ഇരിക്കുന്നത്.





