നിയന്ത്രണം വിട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി കടലില്‍ പതിച്ചു. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. 22 ടണ്‍ ഭാരമുള്ള റോക്കറ്റിന്‍റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് പതിച്ചത്.
റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം കുറേ ഭാഗം കത്തിപ്പോയിരുന്നു. റോക്കറ്റിന്‍റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയനില്‍ വീഴുമെന്നായിരുന്നു ചൈനയുടെ അനുമാനം. ഇന്നലെ രാത്രി 11.30ഓടെ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 10 മണിക്കൂറിന് ശേഷമാണ് റോക്കറ്റ് പതിച്ചത്.
ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മൊഡ്യൂള്‍ എത്തിക്കുന്നതിനായാണ് റോക്കറ്റ് കുതിച്ചത്. ബഹിരാകാശ നിലയത്തിന്റെ പ്രധാന ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്. നിയന്ത്രണം വിട്ട് റോക്കറ്റ് ഭൌമാന്തരീക്ഷത്തിലേക്ക് കടക്കുകയായിരുന്നു.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 'ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു' റിസ്‌ക് സോണ്‍ 'പ്രവചിച്ചിരുന്നു. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചത്.








