ന്യൂഡല്‍ഹി: രാജ്യത്തെ 30 ജില്ലകളില്‍ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ ജില്ലകളുടെ പട്ടിക കേന്ദ്രം കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുറയാത്ത ജില്ലകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവും ഉണ്ടാവുന്നുണ്ട്. ജില്ലകളില്‍ 10 എണ്ണവും കേരളത്തിലാണ്. ഏഴ് ജില്ലകളുമായി ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക-3, തമിഴ്നാട്-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്.
കേരളത്തിലെ കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി കുറയാതെ നില്‍ക്കുന്നത്
ബംഗളൂരു അര്‍ബന് പുറമേ മൈസൂര്‍, തുമകുരു ജില്ലകള്‍ കര്‍ണാടകയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതിന് പുറമേ ഹരിയാനയിലെ നോര്‍ത്ത് ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ് കേസുകള്‍ കുറയാതെ നില്‍ക്കുകയാണ്. ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്






