വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികളും വിറ്റൊഴിക്കുമെന്നാണ് വിവരം. ഈ സാമ്പത്തിക വര്‍ഷം ഒരു പൊതുമേഖല സ്ഥാപനത്തിന്റെ പ്രാഥമിക ഓഹരി വില്പന നടക്കുമെന്നും സൂചന നല്കുന്നു.
ഒ.എന്‍.ജി.സി ഗ്രീന്‍ എനര്‍ജി, എന്‍എച്ച്പിസി റീന്യൂവബിള്‍ എനര്‍ജി എന്നിവയുടെ ഐ.പി.ഒയാകും നടക്കുയെന്നാണ് വിവരം. ഈ കമ്പനികളുടെ ഐപിഒ ഈ വര്‍ഷം തന്നെ നടക്കുകയെന്നാണ് സൂചന. നിയമമനുസരിച്ച് എല്‍.ഐ.സിയിലെ ഓഹരി പങ്കാളിത്തം സര്‍ക്കാരിന് കുറയ്‌ക്കേണ്ടതുണ്ട്.
ഇതിനൊപ്പം മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളിലെ ചെറിയ ശതമാനം ഓഹരികള്‍ വിറ്റൊഴിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇന്‍ഷുറന്‍സ്, പ്രതിരോധ കമ്പനികളുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കും. ഈ സാമ്പത്തികവര്‍ഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് 47,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.






