Leave a single title for yourself: ഒറ്റ തലക്കെട്ടേ നിങ്ങളയാൾക്കിടൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ് !!

Hot Widget

Type Here to Get Search Results !

Leave a single title for yourself: ഒറ്റ തലക്കെട്ടേ നിങ്ങളയാൾക്കിടൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ് !!

 

ലിജീഷ് കുമാർ     Facebook Link Click   👉  ലിജീഷ് കുമാർ 

കേരളത്തിലെ മുഖ്യധാരാ വിഷയങ്ങളെ ചർച്ച ചെയ്യുന്നതിന് പകരം ഏതെങ്കിലും ഒരു വിഷയം ഉയർത്തി കാണിച്ചു കൊണ്ട് പൊതു സമൂഹങ്ങളെ മുഴുവൻ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്ന പൊതു പ്രവണത ഇന്ന് സർവ്വസാധാരണമാണ് . അതിൽ ഏറ്റവും ഉദാഹരണമായി നിൽക്കുന്നതും വിനായകനും ആയി ബന്ധപ്പെട്ട വിഷയമാണ്. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട  ജനവിഭാഗത്തിൻറെ പ്രതിനിധിയെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും, കലാകാരന്മാരും, പൊതുസമൂഹത്തിൽ നിരന്തരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഇത്തരം അക്രമങ്ങൾ ഒക്കെ തന്നെ ജനസംഖ്യാനുപാതം ആയി മുന്നോക്കം നിൽക്കുന്ന  ജനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ മുൻനിർത്തി ആകുമ്പോൾ,  പൊതു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളെ മറയ്ക്കാനുള്ള ഉപാധിയായി, രാഷ്ട്രീയo ഉപയോഗിക്കപ്പെടുന്നത്.സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന വിനായകൻറെ രാഷ്ട്രീയo മുന്നോട്ടു വയ്ക്കുമ്പോൾ  അതിനെ ആക്ഷേപഹാസ്യം ആക്കി ചിത്രീകരിക്കുന്ന മാധ്യമം ലോബികളാണ്  നമ്മൾ കാണുന്നത്.


ലിജീഷ് കുമാർൻറെ ഫേസ്ബുക്കിലൂടെ കുറിക്കുന്ന വരികൾ നമുക്ക് വായിച്ചെടുക്കാം:

Facebook Link Click   👉  ലിജീഷ് കുമാർ 

ഒറ്റ തലക്കെട്ടേ നിങ്ങളയാൾക്കിടൂ, 

അത് കഞ്ചാവ് എന്നാണ്. 

കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ് !!

......................................................................

യുങിനേയും, ആഡ്‌ലറിനേയും പോലെ സിഗ്മണ്ട് ഫ്രോയിഡിന് പ്രിയപ്പെട്ട പലരുമുണ്ടായിരുന്നു. അതിലൊരാൾ ഓസ്ട്രിയക്കാരനായ വിൽഹെം സ്റ്റീക്കലാണ്. സ്വന്തം സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച് പിൽക്കാലം ഫ്രോയിഡിൽ നിന്ന് ഇവരെല്ലാം അകന്നു പോയിട്ടുണ്ട്. ഇതിൽ സ്റ്റീക്കൽ അകന്ന കഥ രസമാണ്. സ്ഥലം ഫ്രോയിഡിന്റെ വീടാണ്. കുളിക്കാൻ വേണ്ടി ഫ്രോയിഡ് ബാത്ത്റൂമിലേക്ക് നടന്ന് പോകുമ്പോൾ  വിൽഹെം സ്റ്റീക്കൽ സഹ താമസക്കാരിളിലൊരാളോട് ഉച്ചത്തിൽ പറഞ്ഞു, “ഭീമാകാരമാർന്നവന്റെ തോളിൽ ചവിട്ടി നിൽക്കുന്ന മുണ്ടന് ആ ഭീമൻ കാണുന്നതിനുമപ്പുറം കാണാൻ കഴിയും !!” കേൾപ്പിക്കാൻ തന്നെയാണ് പറഞ്ഞത്, ആഗ്രഹിച്ച പോലെ ഫ്രോയിഡ് കേട്ടു. ചിരിച്ചുകൊണ്ട് ഫ്രോയിഡ് പറഞ്ഞു, “അത് ശരിയാണ് സ്റ്റീക്കൽ. പക്ഷേ, ജ്യോതിശാസ്ത്രജ്ഞന്റെ തലയിലിരിക്കുന്ന പേനിന് ആ കാഴ്ച കിട്ടുകയില്ല !!”

ചില മനുഷ്യരെ കാണുമ്പോൾ എനിക്കീ തമാശ ഓർമ്മ വരും. ഇപ്പൊഴോർത്തത് വിനായക വിചാരണയിലഭിരമിക്കുന്ന  പത്രക്കാരെ കണ്ടപ്പോഴാണ്. കേരളത്തിലെ പല പത്രസ്ഥാപനങ്ങളും വലിയ ചരിത്രമുള്ള സ്ഥാപനങ്ങളാണ്. ആ ചരിത്രം അവരെ ഭീമാകാരരാക്കുന്നുണ്ട്. അതിന്റെ തോളിൽ ചവിട്ടി നിൽക്കുമ്പോൾ അതിനപ്പുറത്തേക്ക് സംഭവിക്കുന്ന ഒരു വളർച്ചയുണ്ട്. ദൗർഭാഗ്യവശാൽ അതല്ല പലപ്പോഴും സംഭവിക്കാറുള്ളത്. അകത്ത് നിന്ന് ഇതുവരേയും പിൻവലിക്കാൻ കഴിയാത്ത കണ്ണുകൊണ്ട് എങ്ങനെയാണ് പുറത്തേക്ക് നോക്കാൻ കഴിയുക. താമസം ജ്യോതിശാസ്ത്രജ്ഞന്റെ തലക്കു മുകളിലാണെന്ന് പറഞ്ഞിട്ടെന്ത്, അവർ നക്ഷത്രം പോയിട്ട് ആകാശം പോലും നേരേ ചൊവ്വേ കണ്ടിട്ടില്ലാത്ത പേനുകളാണ് !! 

 

"എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങൾ ശിക്ഷിച്ചു ? അതൊരു വലിയ കുറ്റകൃത്യമാണ്, അതുവെച്ച് തമാശ കളിക്കരുത്."  എത്ര കൃത്യമായാണ് വിനായകൻ തന്റെ രാഷ്ട്രീയം പറഞ്ഞു വെക്കുന്നത്. എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു രഞ്ജന്‍ ഗോഗോയ്, മീ ടൂ അയാളെ എന്തു ചെയ്തു ? കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എം.ജെ.അക്ബറിനെ എന്ത് ചെയ്തു ? താനനുഭവിച്ചതെല്ലാം ചിന്മയി ശ്രീപദ അക്കമിട്ട് നിരത്തിയിട്ടും വൈരമുത്തുവിനെ നാം എന്ത് ചെയ്തു ?

രണ്ടു ദിവസം മുമ്പാണ്, തിരുവനന്തപുരത്തെ എ.കെ.ജി ഹാളിൽ വെച്ച് കുമാരനാശാന്റെ 150 ആം ജന്മവാർഷികാഘോഷം നടക്കുന്നു. അനുസ്മരണ പ്രഭാഷണം കെ.ജയകുമാർ ആരംഭിക്കുന്നത് വൈരമുത്തുവിന്റെ മധുരം നുകർന്ന് കൊണ്ടാണ്. പറഞ്ഞത് എഴുത്തിനെ റദ്ദ് ചെയ്യണം എന്നല്ല. വൈരമുത്തു എന്ന ക്രിമിനൽ എഴുത്തിനാൽ വാഴ്ത്തപ്പെട്ട് കൊണ്ടേയിരിക്കും എന്നാണ്. ചിന്മയി പരസ്യമായ സ്ലട് ഷെയിമിംഗ് നേരിട്ടു എന്നതല്ലാതെ വൈരമുത്തു വിഷയത്തിൽ അന്നും ഒന്നും സംഭവിച്ചിരുന്നില്ല.

 

വിനായകൻ ചോദിക്കുന്നു, "ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങൾ ശിക്ഷിച്ചു ?" അനുരാഗ് കശ്യപിനെതിരെ, ചേതൻ ഭഗതിനെതിരെ, സിദ്ദിഖിനെതിരെ, വിജയ് ബാബുവിനെതിരെ, ഇതൊരു നീണ്ട പട്ടികയാണ്. ഇപ്പട്ടികയിൽ എത്രയെണ്ണത്തിലാണ് കേസ് ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത്. എത്ര പേരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്, എത്ര പേരാണ് ജയിലിൽ കിടന്നിട്ടുള്ളത്. ശാരീരികവും മാനസികവുമായ അക്രമത്തെ, ഒരു ക്രിമിനൽ കുറ്റത്തെ നമ്മൾ  ദുർബലപ്പെടുത്തി തുടങ്ങിയിരിക്കുന്നു  എന്ന ആരോപണത്തിൽ നാം കഴമ്പ് കാണാത്തത് അതുന്നയിക്കുന്നത് വിനായകനായത് കൊണ്ടല്ലേ ? 

"അതൊരു ബുള്ളിയിങ് ടാക്ട്ടിക് ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി." തനുശ്രീ ദത്തയുടെ ശബ്ദം നിങ്ങൾക്കോർമ്മയുണ്ടോ ? നാനാ പടേക്കർ, ഉത്സവ് ചക്രവർത്തി, വികാസ് ബഹൽ, സൂസി ഗണേശൻ !! ഓർത്തിരിക്കുന്നതിനേക്കാൾ നാം മറന്ന് കളഞ്ഞ പേരുകളാണ് കൂടുതൽ. അര്‍ജുന്‍ സര്‍ജ മുതൽ അനീഷ് ജി മേനോന്‍ വരെയുള്ളവരുടെ നേരെയുള്ള പരാതികൾ നമുക്കൊരു കഥ മാത്രമാണ്, ലൈക്കുകളും കമന്റുകളും നിറഞ്ഞ് മാഞ്ഞു പോകുന്ന ഒരു ഹാഷ് ടാഗ് കുറിപ്പ് മാത്രമാണ്. ഇതിന്റെ നേരെന്താണ് എന്ന് നാമെങ്ങനെ അറിയും ? ആരാണ് കുറ്റവാളി എന്ന് നാമെങ്ങനെ മനസ്സിലാക്കും ? സ്ത്രീയുന്നയിക്കുന്ന പരാതികളിലെല്ലാം നമ്മുടെ പൊതുബോധം സ്ത്രീ പക്ഷത്തല്ല. ആണെങ്കിൽ കേരളം സമ്പൂർണ്ണമായും സരിതയുടെയും സ്വപ്നയുടേയും ഒക്കെ പക്ഷത്ത് നിന്ന ചരിത്രമാവണം നമുക്ക് മുമ്പിലുണ്ടാവേണ്ടത്. കുറ്റകൃത്യങ്ങളിൽ ആൺ പ്രാതിനിധ്യത്തോളം വരില്ലെങ്കിലും പെൺ പ്രാതിനിധ്യവുമുണ്ട്. ഇക്കേസുകളിലും അതുണ്ടാവും. ഇതിന് മാത്രം എല്ലാത്തിൽ നിന്നും മാറി നിൽക്കാനാവില്ല. അപ്പോൾ ആരാണ് കുറ്റവാളി എന്ന് കണ്ടുപിടിക്കപ്പെടേണ്ടേ ? അയാൾ ശിക്ഷക്കപ്പെടേണ്ടതില്ലേ ?

"ശാരീരികവും മാനസികവുമായ പീഡനത്തിന് മീ ടൂ എന്നാണ് പേരെങ്കിൽ, ഞാൻ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകൻ അത്രയും തരംതാഴ്ന്നവനല്ല." എന്ന് ആണയിട്ട് പറഞ്ഞിട്ടും, താൻ സംസാരിക്കണ്ട വിനായകാ എന്നലറി അയാളോട് മാത്രം നിങ്ങൾ കയർക്കുന്നത് എന്തുകൊണ്ടാണ് ? ഏതധികാര ബോധത്തിൽ നിന്നാണ്, മമ്മൂക്കയും ലാലേട്ടനും ദിലീപേട്ടനും വിളികൾ  വിനായകാ എന്നതിലേക്ക് മാറുന്നത്. അതാണ് ജാതി. പേര് വിളിക്കപ്പെടുന്നത് അപമാനമല്ല. പക്ഷേ ഒരാളെ മാത്രം വിളിക്കുന്ന പേരുണ്ടല്ലോ, അതിൽ പ്രവർത്തിക്കുന്നത് നിങ്ങളുടെ ഉള്ളിലെ ജാതിയാണ്. 

 

ഒരു കത്തേ ഞാൻ രഞ്ജിത്തിനെഴുതിയിട്ടുള്ളൂ. അതെഴുതിയത് ഇവിടെയാണ്, ഈ പ്ലാറ്റ് ഫോമിലാണ്. മേളപ്പന്തലിൽ ആളെക്കൂട്ടാൻ എഴുന്നള്ളിക്കേണ്ട അലങ്കാര വസ്തുവിന്റെ പേരല്ല ഭാവന എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഇപ്പോഴതോർമ്മിപ്പിച്ചത് വിനായകനാണ്. രഞ്ജിത്ത് ചലച്ചിത്ര മേളയുടെ ഉദ്ഘാടനപ്പന്തലിൽ ഭാവനയെ കൊണ്ടുപോയി നിർത്തിയ ഉടൻ, വിനായകൻ ഒരു ഫോട്ടോ പങ്കു വെച്ചു. ഭാവനയുടെ കേസിൽ ജയിൽ കിടക്കുന്ന ദിലീപിനെ രഞ്ജിത്ത് സന്ദർശിച്ച ചിത്രമായിരുന്നു അത്. "ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന് ഈ ജന്മം മതിയാകില്ല." രഞ്ജിത്തിന്റെ മറുപടിയാണ്. എന്ത് മനോഹരമായ ഡയലോഗാണല്ലേ. ഇതാണ് ജാതി. ഇതിലുമുണ്ട് ഒരിവൻ ! ഈ ജന്മം കൊണ്ട് ഒന്നും ചെയ്യാനാവാത്തവൻ ! ഈ ജന്മം മതിയാവാത്തവൻ !! 



"ഞാൻ റോഡിലൂടെ പോകുന്നവരെ നോട്ടീസ് വിതരണം ചെയ്ത് പ്രാപിക്കാൻ വിളിക്കില്ല. പരസ്പര സമ്മതമില്ലാത്ത ഒരൊറ്റ വേഴ്ചയും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എനിക്കാഗ്രഹം തോന്നിയാൽ ഞാൻ നിന്നോടും അത് പറയും എന്ന് അന്നൊരു മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് - കയറിപ്പിടിക്കില്ല, കയ്യേറ്റം ചെയ്യില്ല എന്നുദാഹരിക്കാനാണ്. ഉദാഹരണമായല്ല, സ്പെസിഫിക്കായി അവരോടുള്ളതായാണ് അവർക്ക് തോന്നിയതെങ്കിൽ ഞാൻ മാപ്പ് പറയുന്നു." എന്ന് വിനായകൻ പറഞ്ഞിട്ടും കൂട്ടത്തിലൊരാൾക്ക് വേണ്ടി മാധ്യമ പ്രവർത്തകരിൽ നുരഞ്ഞ് പൊന്തിയ ആവേശമുണ്ടല്ലോ, ഗംഭീരമാണത്. മൂക്കറ്റം കള്ളുകുടിച്ച് തങ്ങളിലൊരുവന്റെ നെഞ്ചിലൂടെ കാറോടിച്ചു പോയവനോട് അവരത് കാണിച്ചിട്ടില്ല. പിൽക്കാലം അയാളലങ്കരിച്ച മുറികൾക്ക് മുമ്പിൽ, 'താൻ ഇവിടെ ഇരിക്കണ്ട' എന്ന് പറഞ്ഞ് പ്രതിഷേധവുമായി ഒരാളും പ്രത്യക്ഷപ്പെട്ടിട്ടില്ല. വല്ലാത്ത ഒരു തരം പാരസ്പര്യം അല്ലേ. ജാതി അതിന്റെ പേരുമാണ്. 

ഈ ജാതിയാണ് നിങ്ങളുടെ യുക്തിയെ നിയന്ത്രിക്കുന്നത്. ജാതിക്കാട്ടിൽ താമസിക്കുന്ന പേനുകൾക്ക് വിനായകൻ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളിൽ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ അവരയാൾക്ക് നൽകൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്.

ഒറ്റ തലക്കെട്ടേ നിങ്ങളയാൾക്കിടൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്...

Posted by Lijeesh Kumar on Friday, June 17, 2022
Kerala news11

Top Post Ad

 


Subscribe To WhatsApp