എഐ സാങ്കേതികവിദ്യയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും മാർക്സിസത്തിന് കാര്യമായ പ്രസക്തി ഈ സാഹചര്യത്തിലുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിലെ ചുമർ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന്റെ കയ്യിലായ എഐ വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യന്റെ അധ്വാന ശേഷി 60 ശതമാനം കുറയുകയും അധ്വാനിക്കുന്ന വർഗ്ഗത്തിന് അധ്വാനമില്ലാതെ ആവുകയും ചെയ്യും. പകരം എഐ ആയിരിക്കും അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവ് വരും. മുത ലാളിത്തത്തിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകുന്നതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയും.ഇത് മൌലിക മാറ്റത്തിന് കാരണമാകുമെന്നും ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനം എന്ന് പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.