വികസന പ്രവർത്തനങ്ങൾ ഗിരിവർഗ്ഗ മേഖലകളിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും എത്തുമ്പോൾ മാത്രമേ രാജ്യം യഥാർത്ഥ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മേരാ യുവഭാരത്- നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച പതിനാറാമത് ആദിവാസി യുവജന വിനിമയ സാംസ്കാരിക പരിപാടി എറണാകുളത്ത് കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മനസ്സിൽ ശാന്തിയും സമാധാനവും ഉണ്ടാകുമ്പോഴാണ് രാജ്യത്തിന്റെ യശസ്സ് ഉയരുന്നത്. യുവാക്കളാണു നാളെയുടെ പ്രതീക്ഷ. സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതു ഓരോരുത്തരും ആയിരിക്കണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന വികസനക്ഷേമ പരിപാടികളെക്കുറിച്ച് അറിവുണ്ടായാൽ മാത്രമേ സ്വന്തം പ്രദേശത്തെ സാഹചര്യമനുസരിച്ചു വികസന പരിപാടികൾ ആവിഷ്കരിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.