ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
പെരുമ്പാവൂര്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുൾ ഇസ്ലാം ചൂണ്ടിക്കാട്ടി.
അമീറുള്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ആളൂര്‍. അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളിക്കൊണ്ടായിരുന്നു ആളൂരിന്റെ പ്രതികരണം. അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ആളൂര്‍ പറയുന്നത്.