ഫ്രാൻസിസ് ജോര്‍ജിന്റെ അപരന്മാരായ രണ്ടുപേരുടെയും പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികയാണ് തള്ളിയത്. സിപിഎം പ്രാദേശിക നേതാവായ ഫ്രാൻസിസ് ജോർജിന്റെ പത്രിക അപൂർണമായിരുന്നു. സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ അപൂർണമായതിനാലാണ് പത്രിക തള്ളിയത്.
കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമായ ഫ്രാൻസിസ് ഇ ജോർജിന്റെ പത്രികയിലെ ഒപ്പുകൾ വ്യാജമെന്ന് ആരോപണം ഉയർന്നിരുന്നു. ഇയാളെ പിന്തുണച്ചവരുടെ വിവരങ്ങൾ സംബന്ധിച്ചും അവ്യക്തതയുണ്ടായി. ജില്ലാ വരണാധികാരി വിളിച്ചു ചേർത്ത ഹിയറിങ്ങിനു ശേഷമാണ് പത്രികകൾ തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ട വരെ ഹാജരാക്കാൻ സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞില്ല. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്. വ്യാജ രേഖ ചമച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 17 പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്.