പത്തനംതിട്ടയിൽ മകൻ അനിൽ ആന്റണി തോൽക്കണമെന്നും ആന്റോ ആന്റണി ജയിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് പറഞ്ഞ ആന്റണി, പ്രചാരണത്തിന് പോകാത്തത് ആരോഗ്യകാരണങ്ങളാൽ ആണെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആന്റണിയുടെയും കരുണാകരന്റെയും മക്കൾ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. ‘‘മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെ എസ് യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് എന്റെ നിലപാട്’’- ആന്റണി പറഞ്ഞു.
ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടും. ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.