കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
റോഡിന്‍റെ ഇടതുവശത്ത് നിന്നും ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് വട്ടം ചാടുകയതോടെയായിരുന്നു ഓട്ടോ മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. വാരിയെല്ലുകൾ തകർന്നുള്ള രക്തസ്രാവമാണ് മരണകാരണമായത്.