എഴുമാംകായലിന് കുറുകെ പാതിവഴിയില്‍ നിര്‍മാണം നിലച്ചുകിടക്കുന്ന മുണ്ടാറിലേക്കുള്ള പാലത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള തടിപ്പാലം തകര്‍ന്നു വീട്ടമ്മ വെള്ളത്തില്‍ വീണു. തൊട്ടുപിന്നാലെയെത്തിയവര് കണ്ടതിനാല്‍ വീട്ടമ്മ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. മുണ്ടാര്‍ പാറേല്‍ കോളനിക്ക് സമീപത്തെ വീട്ടില്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തശേഷം തിരികെ വരികയായിരുന്ന കടുത്തുരുത്തി പഞ്ചായത്തിലെ കൊല്ലങ്കേരി ഭാഗത്തുള്ള വീട്ടമ്മയാണ് വെള്ളത്തില്‍ വീണത്.ഇവര്‍ക്ക് പിന്നാലെ പാലത്തിലൂടെ നടന്നുവരികയായിരുന്ന മുണ്ടാര്‍ നികര്‍ത്തില്‍ അനന്തുവും സുഹൃത്തുക്കളും ഇതുകണ്ടതിനെത്തുടര്ന്ന് പുഴയിലേക്ക് ചാടി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്തുവച്ചാണ് തടിപ്പാലം തകര്‍ന്നു വീണത്.
പുറംലോകവുമായി ബന്ധപ്പെടാന്‍ മുണ്ടാറുകാരുടെ ഏക ആശ്രയമായിരുന്ന തടിപ്പാലത്തിലൂടെയുള്ള യാത്ര വിലക്കി എല്‍എസ്ജിഡി വിഭാഗം കഴിഞ്ഞ 25ന് പാലത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അധികൃതര്‍ മുണ്ടാറുകാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ “ഞങ്ങളാരും പറക്കാന്‍ പഠിച്ചിട്ടില്ല സാറന്മാരെ’’ എന്നെഴുതിയ പോസ്റ്റര്‍ നാട്ടുകാരും പാലത്തിന്റെ തൂണുകളില്‍ പതിച്ചു.താത്കാലികമായി നാട്ടുകാര്‍ പലക നിരത്തി സ്ഥാപിച്ച തടിപ്പാലത്തിന് കൈവരിപോലും ഇല്ലായെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും എല്‍എസ്ജിഡി വിഭാഗം ചൂണ്ടിക്കാണിച്ചു. മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. തുടർന്നു പാലം നിർമാണം നിർത്തിവയ്ക്കുകയായിരുന്നു.





