അട്ടപ്പാടി മധുക്കേസിൽ കൂറുമാറ്റം തുടരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനൊന്നായി. മധുവിനെ പിടികൂടാൻ വനത്തിലേക്ക് പോകുന്നത് കണ്ടുവെന്നായിരുന്നു വീരൻ നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വീരൻ കോടതിയിൽ നിഷേധിച്ചു.മുക്കാലി സ്വദേശി സുരേഷ് മാത്രമാണ് മധുവിനെ മർദ്ദിക്കുന്നത് കണ്ടതായി കോടതിയിൽ സാക്ഷി പറഞ്ഞത്.
ഇന്നലെ ഇരുപതാം സാക്ഷി മരുതനും കേസിൽ കൂറുമാറിയിരുന്നു. മധുവിനെ വനത്തിൽ നിന്നും പിടിച്ചുകൊണ്ടു വരുന്നത് കണ്ടതായി മരുതൻ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യം മരുതൻ ഇന്നലെ കോടതിയിൽ നിഷേധിച്ചു.കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ മുക്കാലി സ്വദേശി അബ്ബാസിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.





