മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലെ ആദ്യ 'പ്രിയ ഹോം' നാളെ (26 ജൂലൈ) നാടിനു സമർപ്പിക്കും. കൊട്ടാരക്കര വെളിയം കായിലയിലാണു 'പ്രിയ ഹോം' ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ പദ്ധതിയാണു സംയോജിത പുനരധിവാസ ഗ്രാമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതകാലത്ത് ആവശ്യമായി വരുന്ന മുഴുവൻ സംവിധാനവും ഉൾച്ചേർന്നതാകണം പുനരധിവാസ ഗ്രാമമെന്നാണു സാമൂഹ്യ നീതി വകുപ്പിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ 'പ്രിയ ഹോം' പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിനു വിട്ടു നൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണു 'പ്രിയ ഹോം' ഒരുക്കിയത്.മാനസിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രികൾക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രീകൾക്കും പ്രത്യേകം താമസസൗകര്യം പുനരധിവാസ കേന്ദ്രങ്ങളിലുണ്ടാകും. ശുചിമുറികളോടുകൂടിയുള്ള ഡോർമെറ്ററികൾ, ശുചിമുറികളോടുകൂടിയുള്ള മുറികൾ, പൊതു ശുചിമുറിയോടുകൂടിയുള്ള മുറികൾ എന്നിവ ഇതിനായി ഒരുക്കും.
താമസക്കാർക്ക് ഡൈനിങ്, കാന്റീൻ സൗകര്യങ്ങൾ, തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക സൗകര്യങ്ങളോടുകൂടിയുള്ള കേന്ദ്രങ്ങൾ, കോൺഫറൻസ് റൂമോടു കൂടിയുള്ള പഠന കേന്ദ്രങ്ങൾ, ജീവനക്കാർക്ക് യോഗം ചേരാനുള്ള സൗകര്യത്തോടുകൂടിയ ഓഫീസ് സൗകര്യങ്ങൾ, വിവിധ തരം തെറാപ്പികൾക്കുവേണ്ടിയുള്ള മുറികൾ (സൈക്യാട്രിക്, ഫിസിയോതെറാപ്പി, സ്പീച്ച് സെൻസറി, യോഗ, സംഗീതം), ആംഫി തിയേറ്റർ, വാർഡ്, ഫാർമസി എന്നിവ കേന്ദ്രങ്ങളിലുണ്ടാകും.





