വാഴൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിദിനം കൂടുതൽ പേർ രോഗബാധിതരാകുന്ന സാഹചര്യത്തിലും കോവിഡ് ബാധിതർക്ക് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വാഴൂർ ഗ്രാമപഞ്ചായത്തിൽ ഓക്സി കാർ പ്രവർത്തനമാരംഭിച്ചു.
ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച വാഹനത്തിന്റെ സേവനം ഇന്ന് മുതൽ ലഭ്യമായി തുടങ്ങി. കോവിഡ് ബാധിച്ചു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗബാധിതർക്ക് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യത്തിലും ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച ഓക്സി കാർ വളരെയധികം പ്രയോജനകരമാണ്. കോവിഡ് ബാധിച്ചു വീടുകളിൽ കഴിയുന്നവർക്ക് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കുന്നതിനും
ഓക്സിജൻ സാച്ചുറേഷൻ 90 മുതൽ 94 വരെ രേഖപ്പെടുത്തുന്നവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗികളുടെ വീടിനു സമീപത്ത് വാഹനം എത്തിച്ചു ഓക്സിജൻ ലഭ്യമാക്കുവാനും ഓക്സി കാർ വഴി സാധിക്കും. രോഗബാധിതർ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യത്തിൽ യാത്രക്കിടയിൽ ഓക്സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ഓക്സി കാറിൽ സജ്ജമാക്കിയിട്ടുണ്ട്