കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിനിടെ സ്വകാര്യ ബസ്സ് മോഷ്ടിച്ചു കടത്താൻ ശ്രമം. കുറ്റ്യാടി സ്വദേശി ബിനൂപിനെയാണ് കുമരകം പോലീസ് പിടികൂടിയത്. ലോക്ക് ഡൗണിൽ കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സാണ് ഇയാൾ മോഷ്ടിച്ചു മൂന്നു ജില്ലാ അതിർത്തികളിലെ പോലീസ് പരിശോധനയിൽ പെടാതെ കുമരകത്ത് എത്തിയത്.
കുമരകം പോലീസ് കവണാറ്റിൻകരയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസുമായി ഇയാളെ പിടികൂടിയത്. ബസ്സ് റാണിക്ക് കൊണ്ട് പോകുകയാണ് എന്നാണു പോലീസ് പരിശോധനയിൽ ഇയാൾ പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ പോലീസ് ബസ്സിന്റെ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതിനായി എല്ലാ ജില്ലാ അതിർത്തികളിലെ മറ്റു സ്ഥലങ്ങളിലും കർശന പോലീസ് പരിശോധന നടക്കുന്നതിനിടെയാണ് ഇയാൾ ബസ്സ് മോഷ്ടിച്ചു കൊണ്ട് കുമരകം വരെ എത്തിയത്







