ന്യൂഡൽഹി: സായുധ സൈന്യത്തിന്റെയടക്കം സഹായത്തോടെ താത്കാലിക ആശുപത്രികൾ നിർമിച്ചും വന്പൻ വാക്സിനേഷൻ ഡ്രൈവ് നടത്തിയും മാത്രമേ ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് വ്യാപനം തടയാനാവൂ എന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധനായ ഡോ. ആന്റണി ഫൗച്ചി.
രാജ്യവ്യാപകമായി ഒരു മാസത്തെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ അതിന്റെ എല്ലാ വിഭവശേഷിയും കോവിഡ് പ്രതിരോധത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതു രണ്ടാം തവണയാണ് ദേശീയ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന നിർദേശവുമായി ഡോ. ഫൗച്ചി രംഗത്തുവരുന്നത്. ജീവൻ രക്ഷാ ഉപാധികൾക്കു പുറമേ ആരോഗ്യ വിദഗ്ധരെയും ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോടും അഭ്യർഥിച്ചു.
നേരത്തേ അമേരിക്കയിൽ ഉണ്ടായതിനു സമാനമായ രോഗവ്യാപനമാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. ചുരുങ്ങിയത് നാലാഴ്ച ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണം. സാന്പത്തിക മാന്ദ്യവും ആരോഗ്യനിലയും താരതമ്യം ചെയ്താൽ കൂടുതൽ പ്രാധാന്യം രോഗബാധ തടയുന്നതിനു തന്നെയാണ്.
പോസിറ്റീവ് കേസുകൾ കുറഞ്ഞുതുടങ്ങുന്പോൾ വ്യാപകമായ വാക്സിനേഷൻ നടത്തണം. ഇന്ത്യ നേരത്തേ മറ്റു രാജ്യങ്ങളെ പരമാവധി സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം വന്ന സാഹചര്യത്തിൽ തിരിച്ചും സഹായം ചെയ്യണമെന്നും ഡോ. ഫൗച്ചി പറഞ്ഞു






