കോട്ടയം: ജനവിധി പൂർണമായും മാനിക്കുന്നുവെന്നും പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പ്രതീക്ഷിക്കാത്ത ജനവിധിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ അഞ്ചു വർഷമായി ഒന്നും ചെയ്യാൻ എൽഡിഎഫിനായില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണ്. വിജയിക്കുന്പോൾ അഹങ്കാരവും തോൽക്കുന്പോൾ നിരാശയുമുണ്ടായാൽ സുഗമമായി മുന്നോട്ട് പോകാൻ സാധിക്കില്ല. പരാജയം വെല്ലുവിളിയായി ഏറ്റെടുത്ത് പരിശോധിച്ചു മുന്നോട്ടു പോകാനാണ് തീരുമാനം.
പുതുപ്പള്ളിയിൽ താൻ ചെറിയ ഭൂരിപക്ഷത്തിലാണു വിജയം ആരംഭിച്ചത്. തദ്ദേശ, നിമസഭ തെരഞ്ഞെടുപ്പുകളെ പല പാറ്റേണിലാണ് ജനങ്ങൾ കാണുന്നത്. തനിക്ക് പഞ്ചായത്ത് തലത്തിൽ ലഭിച്ച ഭൂരിപക്ഷം പിന്നിട് പരിശോധിച്ചു വിലയിരുത്തും.
പരാജയങ്ങൾ വിശദമായി പരിശോധിക്കും. തിരുത്തൽ എവിടെയാണ് ആവശ്യമെന്നതു സഹപ്രവർത്തകരുമായി ചർച്ച ചെയ്തു തീരുമാനിക്കും. കോണ്ഗ്രസ് തിരിച്ചുവരും. തോൽവിയെക്കാൾ വലിയ വിജയം പാർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു.






