തൊട്ടടുത്തുള്ള പശുഫാമില്‍ പണിക്കുപോയി തിരികെ വരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പതിവായി കൃഷിപ്പണിക്കുപോകുന്ന അറുമുഖൻ സമീപത്തെ സ്വകാര്യവ്യക്തിയുടെ പശു ഫാമില്‍ സഹായിക്കാനും പോകാറുണ്ട്. വീട്ടില്‍നിന്ന് നൂറുമീറ്റർമാത്രം അകലെയുള്ള ഫാമില്‍നിന്ന് രാത്രിയില്‍ തിരികെവരുന്ന നേരത്താണ് ഇദ്ദേഹം കാട്ടാനയുടെ മുൻപില്‍പ്പെട്ടത്.
രാത്രിയില്‍ ശബ്ദംകേട്ട് റോഡിലിറങ്ങിയ അയല്‍വാസി ബെന്നിയുടെ മുൻപില്‍ വെച്ചാണ് അറുമുഖനെ കാട്ടാന കൊലപ്പെടുത്തിയത്. മൂന്നംഗ കാട്ടാനക്കൂട്ടം ആ സമയത്ത് റോഡിലുണ്ടായിരുന്നുവെന്ന് ബെന്നി പറഞ്ഞു. തുടർന്ന് അറുമുഖന്റെ മകനും ബെന്നിയും നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ചവിട്ടേറ്റനിലയില്‍ അറുമുഖന്റെ മൃതദേഹം റോഡില്‍ കാണുന്നത്.
നഗരസഭാ കൗണ്‍സിലർ യൂനസ് ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.