കുമളി തേക്കടി ചെക്ക് പോസ്റ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വലിച്ച് താഴെ ഇട്ടു.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. തേക്കടി അമ്പലത്തിലെ ഉത്സവം നടക്കുന്നതിനാൽ സാധനങ്ങൾ നല്കുന്നതിനായി പോയിവരവേ ഡ്രൈവറായ ജയനെ ഡ്രൈവർ സീറ്റിൽ നിന്നും ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ സക്കീർ ഹുസൈൻ വലിച്ച് റോഡിലേക്ക് ഇടുകയായിരുന്നു.
ഡ്രൈവറായ ജയൻ സീറ്റിൽ നിന്നും തെറിച്ചു വീഴുകയും തുടർന്ന് ഓട്ടോ തനിയെ തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. സംഭവ സമയത്ത് കടയുടെ മുൻപിൽ നിന്നിരുന്ന രണ്ടു കുട്ടികളും കടയുടെ മുന്നിൽ ഇരുന്ന ഒരാളും ഓട്ടോ വരുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.
അനുവാദമില്ലാതെ ചെക്ക്പോസ്റ്റ് കടന്നതിന് ഓട്ടോ തിരികെ വന്നപ്പോൾ തടഞ്ഞു നിർത്തിയതാണന്നും ഇടിച്ച് തെറിപ്പിക്കാൻ നോക്കിയപോൾ സംഭവിച്ചതാണന്നും സംഭവ സമയത്ത് ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായും ഫോറസ്റ്റ് അധികൃതർ അറിയിച്ചു.