മന്ത്രി സജി ചെറിയാൻ (Saji Cheriyan) രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് രാജി. രാവിലെ രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു
.
ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താനെന്ന് വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും എല്ല മാർഗങ്ങളും ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് സിപിഎം. ഭരണഘടനാ ലക്ഷ്യങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. അതിനെതിരേ സിപിഎം അഭിമാനാർഹമായ പോരാട്ടങ്ങൾ നടത്തി. പ്രസംഗത്തിൽ പറഞ്ഞതു മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ല. ഭരണഘടനയോടുള്ള അവമതിപ്പായി ഇത് വ്യാഖ്യാനിക്കുമെന്നു കരുതിയില്ല. സർക്കാരിന്റെയും മുന്നണിയുടെയും നയങ്ങളെ ദുർബലപ്പെടുത്താൻ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.





