മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ' എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷ. അവർ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍'- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.





