ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പക്കത്തുപറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി. ഡ്രൈവറെ വാഹനത്തിനു സമീപത്തു മരിച്ച നിലയിലും കണ്ടെത്തി.തമിഴ്നാട് സ്വദേശി മാരിയപ്പൻ (30) ആണ് മരിച്ച ഡ്രൈവർ എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ആദിവാസി വിഭാഗത്തിൽപെട്ടയാളുകളാണ് വാഹനം അപകടത്തിൽപെട്ട വിവരം പുറംലോകത്തെ അറിയിച്ചത്.
റോഡിൽ നിന്നും വളരെ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞിരിക്കുന്നത്. ആൾത്താമസം ഇല്ലാത്ത മേഖലയായതിനാലും റോഡിൽ നിന്നും കാണാൻ പറ്റാത്ത അത്ര കുഴിയിലേക്ക് വാഹനം മറിഞ്ഞതുമൂലം അപകടം ആരും അറിഞ്ഞിരുന്നില്ല. പമ്പയിലേക്ക് നിർമാണ ആവശ്യത്തിനു സിമന്റുമായി പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപെട്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 31ന് പമ്പയിലേക്ക് സിമന്റുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്.