വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബി.ജെ.വാട്ലിംഗ് ക്രിക്കറ്റിനോട് വിടപറയുന്നു. വരുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാകും താരം വിരമിക്കുക. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരേയും വാട്ലിംഗ് കളിക്കും.
വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് 35 വയസുകാരനായ വാട്ലിംഗ് പ്രതികരിച്ചു. ന്യൂസിലൻഡിനായി ഇതുവരെ 73 ടെസ്റ്റുകളിൽ പാഡണിഞ്ഞ താരം 28 ഏകദിനങ്ങളിലും അഞ്ച് ട്വന്റി-20 യിലും രാജ്യത്തിനായി കളിച്ചു. ടെസ്റ്റിൽ എട്ട് സെഞ്ചുറിയും 19 അർധ സെഞ്ചുറികളുമായി ഇതുവരെ 3,773 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നേടിയ 205 റണ്‍സാണ് ഉയർന്ന സ്കോർ.
വിക്കറ്റ് കീപ്പറെന്ന എന്ന നിലയിൽ കിവീസിനായി ഏറ്റവും അധികം റണ്‍സും (3,381) വിക്കറ്റിന് പിന്നിൽ ഏറ്റവും അധികം പേരെ പുറത്താക്കിയെന്ന (257) റിക്കോർഡും വാട്ലിംഗിന്റെ പേരിലാണ്







