കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ മാറ്റാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സുധാകരനെ നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന് സതീശന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടിരുന്നു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും കെപിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ അന്തിമ തീരുമാനം കൈകൊള്ളുക. നിലവില്‍ ആറ് നേതാക്കളുടെ പേരുകള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാന്‍, എംഎല്‍എമാരായ റോജി എം ജോണ്‍, സണ്ണി ജോസഫ് എന്നിവരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആറ് നേതാക്കള്‍.