കാഞ്ഞിരപ്പള്ളി ബൈപാസിനായുള്ള അന്തിമ സാങ്കേതിക അനുമതിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇന്നലെ നടന്ന ടി എസ് കമ്മിറ്റിയിലാണ് അനുമതി ലഭിച്ചത്. വില കൊടുത്ത് ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം ബൈപാസിന്റെ നിര്‍വഹണ ഏജന്‍സിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയിരുന്നു. ആര്‍ ബി ഡി സി കെയുടെ മേല്‍നോട്ടത്തില്‍ കിറ്റ്‌കോയാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്.
ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേര്‍ത്താണ് ഡിസൈന്‍. കിഫ്ബി ധനസഹായത്താല്‍ പൂര്‍ത്തിയാക്കുന്ന ബൈപാസിന് അനുവനിച്ച 79.6 കോടി രൂപയില്‍ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനു ശേഷം നിര്‍മാണ പ്രവര്‍ത്തനത്തിന് മാത്രമായി പുതുക്കിയ നിരക്കില്‍ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടി രൂപയാണ്.
ഇതില്‍ 13 കോടിയോളം രൂപ ചിറ്റാര്‍പുഴയ്ക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്‌ളൈഓവറിന് മാത്രമാണ്. അന്തിമാനുമതി ലഭിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും നിര്‍മാണപ്രവര്‍ത്തികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.





