സൊമാറ്റോ ഫുഡ് ഡെലിവറി ചെയ്യുന്നയാളെ ജാതി അധിക്ഷേപം നടത്തി ഉപഭോക്താവ്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഡെലിവറി ഏജന്റിനെ ഉപഭോക്താവും മറ്റു ചിലരും ചേർന്ന് മർദിക്കുകയും അധിക്ഷേപിക്കുകയും തുടർന്ന് മുഖത്ത് തുപ്പുകയും ചെയ്തതായും ആരോപണമുണ്ടെന്നും പോലീസ് പറഞ്ഞു.
തൊട്ടുകൂടാത്തയാളാണെന്നു പറഞ്ഞായിരുന്നു മർദനം. ഇരയായ വിനീത് കുമാറിന്റെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ശനിയാഴ്ച വൈകുന്നേരമാണ് തനിക്ക് ഈ ഔർഡർ ലഭിച്ചതെന്ന് വിനീത് കുമാർ പറയുന്നു. ഓർഡർ ഡെലിവറി ചെയ്യാനെത്തിയപ്പോഴാണ് ഉപഭോക്താവ് വീടിനു പുറത്തെത്തി തന്നോട് പേരു ചോദിച്ചതെന്നും വിനീത് പറഞ്ഞു. പേര് കേട്ടതോടെ തനിക്കെതിരെ ഉപഭോക്താവ് ജാതി അധിക്ഷേപം നടത്തുകയും ഓർഡർ സ്വീകരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു എന്നും യുവാവ് കൂട്ടിച്ചേർത്തു.
''ഞാൻ ഒരു പട്ടികജാതിയിൽ പെട്ട ആളാണെന്ന് അറിഞ്ഞപ്പോൾ, തൊട്ടുകൂടാത്ത ഒരാളുടെ കയ്യിൽ നിന്ന് ഓർഡർ വാങ്ങില്ലെന്ന് പറഞ്ഞ് അയാൾ ജാതീയമായ ചില പരാമർശങ്ങൾ നടത്തി. ഓർഡർ സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അത് റദ്ദാക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു'', വിനീത് കുമാർ പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.





