കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.ഡൽഹിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മൃതദേഹത്തെ അനുഗമിക്കും. 11 മണിയോടെ സൂലൂർ വ്യോമതാവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമാണ് തൃശ്ശൂരിലെത്തിക്കുക.
പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലും തുടർന്ന് വീട്ടിലും പാെതു ദർശനത്തിന് വെയ്ക്കും. പിന്നീട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. അതേസമയം ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
തൃശൂർ പുത്തൂർ സ്വദേശിയായ പ്രദീപ് അറക്കൽ 2004 ലാണ് സൈന്യത്തിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്.





